ചങ്ങനാശേരി: അഞ്ചുവിളക്കിന്റെ നാട്ടിലെ അവിസ്മരണീയ ജലമേള മനയ്ക്കച്ചിറ പുത്തനാറ്റില് ഈ വര്ഷം നടക്കുമെന്ന് ഉറപ്പാകുന്നു. ഇതോടൊപ്പം ടൂറിസം വാരാഘോഷവും അരങ്ങേറും. കഴിഞ്ഞദിവസം ചേര്ന്ന ജലോത്സവ കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് പന്ത്രണ്ടു വര്ഷക്കാലമായി മുടങ്ങിയ വള്ളംകളിയും ടൂറിസം വാരാഘോഷവും പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്.
ജലോത്സവ കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തിന് സംസ്ഥാന സര്ക്കാര് പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് ചങ്ങനാശേരി ജലോത്സവത്തിനുള്ള പ്രതീക്ഷകള് ഉണര്ന്നത്. എസി കനാലിലെ പോള വാരിനീക്കുന്ന ജോലികള് പൂര്ത്തിയായി വരികയാണ്. വള്ളംകളി നടക്കുന്ന ഒന്നര കിലോമീറ്റര് ട്രാക്കിലെ ചെളിയും മാലിന്യങ്ങളും നീക്കാനുള്ള നടപടികളാണ് ഇനിയും നടക്കേണ്ടത്. 2007 മുതല് 2013വരെ ആറ് വള്ളംകളികള് എസി കനാലില് സംഘടിപ്പിച്ചിരുന്നു. പിന്നീട് ജലോത്സവം വിവിധ സാഹചര്യങ്ങള്മൂലം നിലച്ചുപോകുകയായിരുന്നു.
ജലോത്സവ കമ്മിറ്റി മന്ത്രിമാരെ സന്ദര്ശിച്ച് നിവേദനം നല്കി
ജലോത്സത്തിനുവേദിയാകുന്ന എസി കനാലിലെ പോള നീക്കത്തിനുശേഷം ചെളിയും മറ്റു മാലിന്യങ്ങളും നീക്കി ആഴം കൂട്ടണമെന്ന് ജലോത്സവ കമ്മിറ്റി ഭാരവാഹികള് തിരുവനന്തപുരത്തു നടന്ന കൂടിക്കാഴ്ചയില് മന്ത്രി മോന്സ് ജോസഫിനെ ധരിപ്പിച്ചു. ഈ ജോലികള് വേഗത്തില് പൂര്ത്തിയാക്കിയാല് ഒക്ടോബർ പകുതിയോടെ ജലോത്സവം നടത്താനാകും. ഇരുകരയിലും വസിക്കുന്നവരുടെ സുഗമമായ ജീവിതത്തിനും കനാലിന്റെ ശുചീകരണത്തിലൂടെ സഹായകമാകും.
ഭാരവാഹികള് ടൂറിസംമന്ത്രി വിഷ്ണുനാഥിനെ സന്ദര്ശിച്ച് വകുപ്പിന്റെ സഹകരണം അഭ്യര്ഥിച്ചിട്ടുണ്ട്. വിനു ജോബ് എംഎല്എ, ജലോത്സവ കമ്മിറ്റി ജനറല് കണ്വീനര് കെ.വി. ഹരികുമാര്, സെക്രട്ടറി ആര്ട്ടിസ്റ്റ് ദാസ്, ട്രഷറര് സിബി അറയ്ക്കത്തറ, കമ്മിറ്റി അംഗങ്ങളായ ജേക്കബ് ജേക്കബ്, വി.ജെ. ലാലി, പി.എ. അബ്ദുൾസലാം, കെ.ജെ. കൊച്ചുമോന് എന്നിവരാണ് മന്ത്രിമാരെ സന്ദര്ശിച്ചത്.